Labels

Saturday, May 21

മുറിവുകൾ

ഇലയടർന്ന മുറിപ്പാട്
മുറിഞ്ഞു പോയൊരു വാക്കിന്റെയറ്റം
എണ്ണ തീർന്ന പടുതിരിത്തുമ്പ്
ദയാമരണം കൊതിക്കുന്നു,
പാതിയിൽ ഉപേക്ഷിക്കപ്പെട്ടവർ

Saturday, February 16

അവരുടെ തീർപ്പുകൾ


അറിഞ്ഞുകാണും,
ഇന്നലെയായിരുന്നു.
മദ്യപിച്ച് അമിതവേഗതയിൽ ഇരുട്ടിലൂടെ ദിശ തെറ്റിച്ച്
വണ്ടിയോടിച്ച ഒരാൾ അപകടത്തിൽപ്പെട്ടതും,
അവർ അയാളെ വിചാരണാപൂർവ്വം തല്ലിക്കൊന്ന്
ഓവുചാലിലെറിഞ്ഞ് ആഘോഷമാക്കിയതും.
ഇനിയൊരാൾ ഇര കോർക്കപ്പെടരുതേയെന്ന എന്റെ പഴമനസ്സ്  അവിടെ നിന്നാണ്
ഈ ബോധോപദേശജാഥയുടെ തീരുമാനമുറപ്പിച്ചത്
"നീ മദ്യപിയ്ക്കരുത്....."
" അമിതവേഗതയിൽ വണ്ടിയോടിയ്ക്കരുത്...."
" റോഡിന്റെ വളവുതിരിവുകളറിയണം..."
" പരിമിതികളറിഞ്ഞ് കണ്ണുകൾ തുറന്നുവയ്ക്കണം"
ഇന്ന്....
നീ കൂടിയറിയെ,
ഞാനൊരു നീ വിരുദ്ധനായതിന്റെയും,
ഓവുചാലിലെ എന്റെ ഊഴം തീരുമാനമാക്കപ്പെട്ടതിന്റെയും
ആഘോഷത്തിമർപ്പിലാണ് അവർ...!


Saturday, September 8

പ്രണയവ്യായാമം



അനാഥർ ഉണ്ടാവുന്നത്
പ്രണയം വിവാഹമാവുമ്പോഴാണ്

 തുപ്പൽ തെറിപ്പിക്കുന്ന
പുതുവർത്തമാനങ്ങളിൽ
പലവുരു ഞെട്ടിക്കഴിഞ്ഞാണ്
അയാളുടെ ഫൗൾ പ്ലേയിൽ
അവളുടക്കിയത്, 
 
ചുറ്റുകൂട്ടങ്ങളിൽ അയാൾ തള്ളിയ
ഉത്തേജകത്തിന്റെ
പാതിയൊഴിഞ്ഞ ആംപ്യൂളുകൾ കണ്ട്
കത്തിയാളി, അവൾ....
പിന്നെ മുനിഞ്ഞമർന്നൊരു
കരിന്തിരിയായി
 
കൈക്കുറ്റങ്ങളിൽ കുരുങ്ങി
ചവിട്ടടയാളങ്ങളേറ്റ്
പകൽ വിയർപ്പിൽ കുതിർന്ന്
അഴുക്ക് പുരണ്ട് നിറം കെട്ട
നിശാവിരിപ്പിന്റെ ഒരറ്റത്തിരുന്ന്
അയോഗ്യയാക്കപ്പെട്ട അവൾ
കണ്ണ് പൊഴിയാതെ കരഞ്ഞു

 ഉപയോഗിച്ചെറിഞ്ഞ ഉറ പോലെ
പിടച്ചിൽ നിലച്ച്, 
ഉപേക്ഷിക്കപ്പെട്ട പ്രണയം..

ആവില്ലായിരുന്നു അവൾക്ക്
മികച്ച ഫോമിൽ നിൽക്കെ 
പൊടുന്നനെയൊരു വിരാമം
 
പഴയൊരു വിക്ടറി ലാപ്പിന്റെ
ആവേശലഹരിയിൽ 
ട്രാക്ക് സ്യൂട്ടിൽ ഉഷ്ണം നിറച്ച്
പുതിയ സമയം തേടി 
  അവളൊരുങ്ങി
 
ലാപ്പുകൾ കുറിച്ച് വെക്കാതെ
കുമ്മായവരകൾ പാലിച്ച്
മൈതാനം നിറഞ്ഞു കളിച്ചു അവൾ...
കളിനിയമങ്ങൾ തെറ്റിച്ച്

Thursday, March 1

കാഴ്ചകൾ

  
==================================================================   
    ആകാശത്തിൽ മുഷ്ടി ചുരുട്ടിയിടിച്ചും, ദൈവത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞും, നിരത്ത് ചവിട്ടി മെതിച്ച് ഒരു സംഘം വടക്കോട്ട് പോയിട്ട് അധികം നേരമായിട്ടില്ല.
ഇപ്പോൾ വടക്കേ മാനത്ത് പുകയേറുന്നതും ചാനൽ വണ്ടികൾ തിടുക്കപ്പെട്ട് പാഞ്ഞ് പോകുന്നതും കാണാം.
കലണ്ടറിൽ നാളത്തെ അക്കം ഒരുക്കത്തിലാണ്, നാട്ടുതടങ്കലിന്റെ കൃത്രിമച്ചുവപ്പ് പൂശാൻ....

 ==================================================================
 
 

Friday, February 17

വിരസം

മരം ഒരുങ്ങി നിന്നു
മഴുവിന് മടുത്തെന്ന്

Friday, January 27

നിര്‍മ്മിതി

കുന്ന് തിന്ന്
പുഴ കുടിച്ച്
കൊട്ടാരങ്ങള്‍ക്ക് ദുര്‍മേദസ്സ്
മഴയൊഴിഞ്ഞു
പുക പിടിച്ച്‌
ഓട്ട വീണ നീലാംബരം

ഇല

കീറിപ്പറിച്ചും 
ഊരിയടര്‍ത്തിയും
അരിഞ്ഞും അരച്ചും 
കുതിര്ത്തും,വറുത്തും..
വിറ്റാമിന്‍ എ വേണമത്രേ
കണ്ണിനും, ജിമ്മിലെ വിയര്‍പ്പിനും...
എന്കിലിനി നില്‍ക്കേണ്ട
ഡി യുള്ള വെയില്‍ തീയില്‍
അവന്‍ തന്നെ  നടത്തട്ടെ
 പ്രകാശ സംശ്ലേഷണം !